കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം അഡ്രിയാന്‍ നിക്കോളാസ് ലൂണയുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്സ് നീട്ടി. 2024 വരെയുള്ള കരാറാണ് ബ്ലാസ്റ്റേഴ്സ് ലൂണക്ക് നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ കരാറായിരുന്നു തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ലൂണക്ക് നല്‍കിയിരുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റനായി മഞ്ഞപ്പടക്കൊപ്പം അരങ്ങേറ്റം കുറിച്ച ലൂണ ജെസ്സെല്‍ കാര്ണിറോക്ക് പരുക്കേറ്റതോടെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ സീസണില്‍ തന്നെ ആറു ഗോളുകള്‍ സ്വന്തമാക്കിയ ലൂണ ഏഴ് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഗോള്‍ നേടുന്നതിനേക്കാള്‍ ഗോളടിപ്പിക്കുന്നതിലായിരുന്നു ലൂണയുടെ മിടുക്ക്.
ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നല്കുന്ന അദ്ദേഹം ഹീറോ ഐ.എസ്.എല്‍ ഓഫ് ദി ഇയര്‍ ടീമിലും ഇടംനേടിയിരുന്നു. ഉറുഗ്വേയിലാണ് ലൂണയുടെ കളിജീവിതം ആരംഭിച്ചത്, ക്ലബ്ബ് അത്ലറ്റികോ പ്രോഗ്രസോ, മോണ്ടെവിഡിയോ വാണ്ടറേഴ്സ്, ഡിഫെന്‍സര്‍ സ്പോര്‍ടിങ് എന്നിവയ്ക്കൊപ്പമായിരുന്നു അക്കാദമി വര്‍ഷങ്ങള്‍ ചിലവഴിച്ചത്. 2010ല്‍ ഡിഫെന്‍സറില്‍ ക്ലബ്ബിന്റെ ആദ്യ സീനിയര്‍ കുപ്പായത്തില്‍ ഇറങ്ങുന്നതിന് മുമ്പ് അണ്ടര്‍ 19 ടീമിലായിരുന്നു.
അധികം വൈകാതെ, സ്പാനിഷ് ക്ലബ്ബുകളായ എസ്പാന്യോള്, ജിംനാസ്റ്റിക്, സിഇ സബാഡെള്‍ എന്നിവയില്‍ വായ്പാടിസ്ഥാനത്തില്‍ എത്തി. പിന്നീട് മെക്സിക്കോയില്‍ എത്തിയ ഇരുപത്തൊന്പതുകാരന് അവിടെ ടിബുറോനെസ് റോഹാസ, വെനാഡോസ എഫ്സി ടീമുകളെ പ്രതിനിധീകരിച്ചു. 2021 സമ്മറില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതിന് മുന്‍പ് ഓസ്ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയില്‍ കളിച്ച ലൂണ രണ്ട് വര്‍ഷത്തിനിടെ 51 മത്സരങ്ങളില്‍ ടീമിനായി കളിച്ചു.