നൂനസ് അവതരിച്ചു, ലിവര്‍പൂളിന് വന്‍ ജയം

പ്രീ സീസണ്‍ മത്സരത്തിലെ ലിവര്‍പൂളിന്റെ ഗോള്‍ ക്ഷാമത്തിന് അറുതി. ഇന്നലെ നടന്ന പ്രീ സീസണ്‍ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ക്ലോപ്പും സംഘവും ജര്‍മന്‍ ടീമായ ആര്‍.ബി ലെപ്‌സിഗിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ബെന്‍ഫിക്കയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ ഉറുഗ്വെയ്ന്‍ താരം ഡാര്‍വിന്‍ നൂനസ് നിറഞ്ഞാടുകയും ചെയ്തു..
അഞ്ചു ഗോളിലെ നാലും സ്വന്തമാക്കിയത് പുതുമുഖ താരമായിരുന്നു. ലിവര്‍പൂളിനൊപ്പം പ്രീസീസണ്‍ മത്സരത്തില്‍ തുടങ്ങിയ നൂനസിന് ആദ്യ മത്സരങ്ങളില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെട്ട മത്സരത്തില്‍ നൂനസിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അവസരം മുതലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള മത്സരത്തിലും നൂനസിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ലിവര്‍പൂളിന്റെ പ്രീസീസണിലെ ആദ്യ രണ്ട് മത്സരത്തിലും താളം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നൂനസിനെതിരേയും ലിവര്‍പൂളിനെതിരേയും വ്യപാകമായി വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ചാണ് ഹാട്രിക് അടക്കം നാലു ഗോള്‍ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞത്.
ഈ സീസണിലെ ലിവര്‍പൂളിന്റെ റെക്കോര്‍ഡ് സൈനിങ് കൂടിയാണ് ഉറുഗ്വയ്ന്‍ താരമായ നൂനസിന്റേത്. മത്സരത്തില്‍ 48ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു താരം ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് 51, 68. 90 മിനുട്ടുകളിലും നൂനസ് ചെമ്പടക്കായി ഗോളുകള്‍ സ്വന്തമാക്കി. എട്ടാം മിനുട്ടില്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന്റെ വകയായിരുന്നു ഒരു ഗോള്‍. 27ന് ലെപ്‌സിഗിനെതിരേ തന്നെയാണ് ലിവര്‍പൂളിന്റെ അടുത്ത സൗഹദ മത്സരം. തുടര്‍ന്ന് 30ന് മാഞ്ചസ്റ്റര്‍ സിറ്റിയുമായി ലിവര്‍പൂളിന് കമ്മ്യൂണിറ്റി ഷീല്‍ഡിന്റെ കിരീടപ്പോരാട്ടമുണ്ട്.