ചെല്‍സിയില്‍ കൂടുതല്‍ സമയം ലഭിക്കാത്തതിന്റെ നിരാശ പ്രകടമാക്കി തിമോ വെര്‍ണര്‍

പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ചെല്‍സിക്കൊപ്പം കളിക്കാന്‍ കൂടുതല്‍ സമയം ലഭിക്കാത്തിന്റെ നിരാശ വ്യക്തമാക്കി ജര്‍മന്‍ മുന്നേറ്റ താരം ടിമോ വെര്‍ണര്‍. 2020ല്‍ ജര്‍മന്‍ ക്ലബായ ആര്‍.ബി ലെപ്‌സിഗില്‍ നിന്നായിരുന്നു വെര്‍ണര്‍ ചെല്‍സിയിലെത്തുന്നത്. എന്നാല്‍ പ്രതീക്ഷിച്ചത്ര മെച്ചപ്പെട്ട പ്രകടനം വെര്‍ണറില്‍ നിന്ന് ചെല്‍സിക്ക് ലഭിച്ചിട്ടില്ല. ചെല്‍സിക്കായി കളിച്ച 56 പ്രീമിയര്‍ ലീഗ് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകള്‍ മാത്രമാണ് വെര്‍ണര്‍ നേടിയത്.
അവസാന സീസണില്‍ വെറും 15 മത്സരങ്ങളിൽ മാത്രമാണ് വെര്‍ണര്‍ക്ക് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടുള്ളു. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റഹീം സ്റ്റെര്‍ലിങിനെ ചെൽസി ടീമിലെത്തിച്ചതിനാൽ, അടുത്ത സീസണിൽ അവസരങ്ങൾക്കായുള്ള മത്സരം കൂടുതൽ ശക്തമാകാനാണ് സാധ്യത.
"കളിക്കുമ്പോഴും ഗോളുകള്‍ നേടുമ്പോളും ഞാന്‍ സന്തോഷവാനാണ്. അതാണ് വസ്തുത. അതാണ് ഞാന്‍ ശ്രദ്ധിക്കേണ്ടത്. മറ്റുകാര്യങ്ങള്‍ കൂടെ വരും," ക്ലബ് അമേരിക്കെക്കെതിരേയുള്ള പ്രീ സീസണ്‍ മത്സരത്തിന് ശേഷം വെര്‍ണര്‍ വ്യക്തമാക്കി.
"എനിക്ക് കൂടുതല്‍ സമയം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന കാര്യം വ്യക്തമാണ്. ലോകകപ്പിനായി ആദ്യം നല്ല നിലയിലാകാനും ലോകകപ്പില്‍ കളിക്കാനുമുള്ള അവസരം ലഭിക്കാനും ഞാന്‍ കൂടുതല്‍ കളിക്കണം.
അത് ശീതകാല ലോകകപ്പായാലും വേനല്‍കാല ലോകകപ്പായാലും .സീസണിന്റെ പകുതിയോ അല്ലെങ്കില്‍ മുഴുവനായോ കളിച്ചാൽ ഞാന്‍ കളിക്കുമെന്ന് വിചാരിക്കുന്നു. അത് എന്റെ മനസില്‍ ഒരു മാറ്റവും വരുത്തില്ല," വെര്‍ണര്‍ വ്യക്തമാക്കി.
നേരത്തെ റൊമേലു ലുക്കാക്കു ഉണ്ടായിരുന്നത് കൊണ്ട് അവസരത്തിനായി ശക്തമായ മത്സരം നടന്നിരുന്നെന്നും വെര്‍ണര്‍ വ്യക്തമാക്കി. പ്രീ സീസണ്‍ മത്സരത്തില്‍ ക്ലബ് അമേരിക്കക്കെതിരേയുള്ള മത്സരത്തില്‍ വെര്‍ണറായിരുന്നു ചെല്‍സിയുടെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്.