ഈ സമ്മറോടെ നാലു ബാഴ്സലോണ താരങ്ങള്‍ ക്ലബ് വിടുമെന്ന് റിപ്പോര്‍ട്ട്

ഈ സമ്മറോടെ ബാഴ്സോലണയുടെ നാല് താരങ്ങള്‍ ക്ലബ് വിടുമെന്ന് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ ടീമില്‍ കാര്യമായ മാറ്റം വരുത്തി പുതിയ ടീമിന്റെ ഒരുക്കുന്നതിന്റെ ഭാഗമായി ബാഴ്സോലണക്ക് നാല് താരങ്ങളെ ഒഴിവാക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ബാഴ്സലോണയില്‍ മതിയായ അവസരം ലഭിക്കാത്ത നാലു താരങ്ങളായ റിക്കി പുഷ്, മാര്ട്ടിന് ബ്രാതൈ്വറ്റ്, ഓസ്കാര്‍ മിംഗ്വേസ, സാമുവല്‍ ഉംറ്റിറ്റി എന്നിവരാണ് ക്ലബിന് പുറത്താകുമെന്ന് പ്രതീക്ഷിക്കുന്നത്. ഫാബ്രിസിയോ റൊമേനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത സമ്മറില്‍ ടീം അടിമുടി മാറ്റം വരുത്തി മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിശീലകന് സാവി നാലു താരങ്ങളെ വില്ക്കാന് ശ്രമിക്കുന്നത്. റൊണാള്‍ഡ് കൊമാന് ശേഷം പരിശീലകനായി എത്തിയ സാവി ടീമിനെ മികച്ച നിലയിലെത്തിച്ചിരുന്നു.
ടീമിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ ബാഴ്സലോണ ഒന്‍പതാം സ്ഥാനത്തായിരുന്നു. എന്നാല്‍ ലീഗ് അവസാനിച്ചപ്പോള്‍ ബാഴ്സലോണയെ രണ്ടാം സ്ഥാനത്തെത്തിക്കാനും സാവിക്ക് കഴിഞ്ഞു. അടുത്ത സീസണില്‍ മികച്ച ടീമിനെ ഒരുക്കി കിരീടം നേടുക എന്നതാണ് കാറ്റാലന്‍ ക്ലബ് ലക്ഷ്യമിടുന്നത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അദമ ട്രയോറെ, എമറിക് ഒബമയോങ്, ഫെറാന്‍ ടോറസ്, ഡാനി ആല്‍വേസ് തുടങ്ങിയ താരങ്ങളെ ടീമിലെത്തിച്ച് ബാഴ്സലോണ ടീമിന് കരുത്ത് കൂട്ടിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ടീമിന് അധികം ആശ്രയിക്കേണ്ടി വരാത്ത താരങ്ങളെ ഒഴിവാക്കാനാണ് കാറ്റാലന്‍ ക്ലബ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.