മർച്ചേനയുടെ ടെക്നിക്കുകൾ അപാരം, അദ്ദേഹത്തിൽ നിന്ന് ഒത്തിരി കാര്യങ്ങൾ പഠിച്ചു; പറയുന്നത് ഇഷ്ഫാഖ് അഹമ്മദ്

Carlos Marchena
Carlos Marchena | The Hindu

രണ്ടാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മാർക്വി താരമായിരുന്നു സ്പാനിഷ് ഡിഫൻഡറായ കാർലോസ് മർച്ചേന. വലിയ പ്രതീക്ഷകളോടെയാണ് കേരളത്തിലെത്തിയതെങ്കിലും പരിക്ക് മർച്ചേനയ്ക്ക് മുന്നിൽ വില്ലനായി. പ്രീ-സീസണിൽ സംഭവിച്ച പരിക്കിൽ നിന്ന് മോചിതനാവാൻ കഴിയാതിരുന്ന താരം സീസണിന്റെ പാതിവഴിയിൽ ക്ലബ്ബിനൊപ്പമുള്ള കരാർ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. ഒരു മത്സരം മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ താരം കളിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം അധിക കാലമില്ലായിരുന്നെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ മർച്ചേന തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളായി മാറിയ കാര്യമാണ് അന്ന് ബ്ലാസ്റ്റേഴ്സ് ടീമംഗവും ഇന്ന് ടീമിന്റെ സഹപരിശീലകനുമായ ഇഷ്ഫാഖ് അഹമ്മദിന് പറയാനുള്ളത്. കഴിഞ്ഞ ദിവസം ഗോളിന് നൽകിയ അഭിമുഖത്തിലായിരുന്നു മർച്ചേനയുമായുള്ള ബന്ധത്തെക്കുറിച്ച് ഇഷ്ഫാഖ് അഹമ്മദ് മനസ് തുറന്നത്.

കാർലോസ് മർച്ചേന ഇപ്പോളും തന്റെ നല്ല ഒരു സുഹൃത്താണെന്ന് ഇഷ്ഫാഖ് പറയുന്നു. കരിയറിൽ താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹമെന്നും, പരിക്ക് വില്ലനായില്ലായിരുന്നെങ്കിൽ കൂടുതൽ മത്സരങ്ങൾ മഞ്ഞക്കുപ്പായത്തിൽ താരം കളിക്കുമായിരുന്നെന്നും ഇഷ്ഫാഖ് കൂട്ടിച്ചേർത്തു.

2010 ലോകകപ്പിൽ കളിച്ച സ്പെയിൻ ടീമിന്റെ ജേഴ്സി മർച്ചേന തനിക്ക് നൽകിയതിനെക്കുറിച്ചും അഭിമുഖത്തിനിടെ ഇഷ്ഫാഖ് വെളിപ്പെടുത്തി. ബ്ലാസ്റ്റേഴ്സിലെത്തിയ സമയം അദ്ദേഹത്തോട് താൻ സ്പാനിഷ് ടീമിന്റെ ലോകകപ്പ് ജേഴ്സി ചോദിച്ചിരുന്നുവെന്നും പരിക്കിനെത്തുടർന്ന് നാട്ടിലേക്ക് പോയ മർച്ചേന പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവന്നപ്പോൾ താൻ മുൻപ് ചോദിച്ച ജേഴ്സി കൊണ്ട് വന്നെന്നുമാണ് ഇഷ്ഫാഖ് പറയുന്നത്. മർച്ചേനയുടെ ഈ പ്രവൃത്തി തന്നെ ഞെട്ടിച്ചുകളഞ്ഞതായും, പിന്നീട് തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായതായും പറഞ്ഞ ഇഷ്ഫാഖ്, അദ്ദേഹത്തിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

മർച്ചേനയുടെ ടെക്ക്നിക്കുകളെക്കുറിച്ച് പറയുമ്പോളും ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകന് നൂറു നാവാണ്. "മർച്ചേനയുടെ ടെക്നിക്കുകൾ ഞങ്ങളെയെല്ലാം ഞെട്ടിച്ചു. ഒരു ഡിഫൻഡറായിരുന്നിട്ട് കൂടി ഫ്രീ കിക്കുകളെടുക്കാൻ അദ്ദേഹം സ്ഥിരമായി പരിശീലനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ സെറ്റ് പീസ് ടെക്നിക്കുകൾ അപാരമായിരുന്നു. 40 വാര അകലെ നിന്നു ഷോട്ടുകൾ തൊടുക്കാനും അദ്ദേഹത്തിന് മികവുണ്ടായിരുന്നു." ഇഷ്ഫാഖ് പറഞ്ഞു നിർത്തി.