മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്ട്രൈക്കറെ കൂടി ടീമിലെത്തിക്കുമെന്ന സൂചനകൾ നൽകി സോൾഷെയർ

Marcus Rashford, Anthony Martial
Manchester United v Norwich City - Premier League | Catherine Ivill/Getty Images

അടുത്ത സീസണ് മുന്നോടിയായി ഒരു സ്‌ട്രൈക്കറെക്കൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുമെന്ന സൂചനകൾ നൽകി പരിശീലകൻ സോൾഷെയർ. നിലവിൽ സ്‌ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന റാഷ്‌ഫോർഡ്, മാർഷ്യൽ, ഗ്രീൻവുഡ്‌, ഇഗാലോ എന്നിവർക്കൊപ്പം മത്സരിക്കാൻ ഒരു സ്‌ട്രൈക്കർ ടീമിന് ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

"ഏതു പൊസിഷനിലായാലും മത്സരിക്കാൻ ഒരു കളിക്കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരിക്കണം. മികച്ച പ്രകടനം നടത്തുന്നത് കൊണ്ട് തങ്ങളുടെ സ്ഥാനം സുരക്ഷിതമാണെന്ന് ഒരു താരവും കരുതരുത്. ഉദ്ദേശിച്ച സ്ഥലത്ത് ഇനിയും എത്താത്തത് കൊണ്ട് യുണൈറ്റഡ് ഒരുപാട് മുന്നോട്ടു പോകേണ്ടിയിരിക്കുന്നു"

"ഇപ്പോഴത്തെ മുന്നേറ്റനിര താരങ്ങളിൽ വിശ്വാസമുണ്ട്. എല്ലാവരുടെയും പ്രകടനത്തിൽ നല്ല മുന്നേറ്റമുണ്ടായിട്ടുണ്ട്. അവർ ഇനിയും മുന്നേറി ടീമിനെ നയിക്കാനുള്ള തലത്തിലേക്ക് എത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്." സോൾഷെയർ വ്യക്തമാക്കി.

പ്രധാന സ്‌ട്രൈക്കറായിരുന്ന ലുക്കാക്കു ക്ലബ് വിട്ടതിനു ശേഷം ആ പൊസിഷനിലേക്ക് ഒരു താരത്തെ ഇത് വരെ യുണൈറ്റഡ് സ്വന്തമാക്കിയിട്ടില്ല. സ്‌ട്രൈക്കറെ സ്വന്തമാക്കുന്നതിലൂടെ അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം തന്നെയാണ് ലക്ഷ്യമെന്നാണ് സോൾഷെയർ വ്യക്തമാക്കുന്നത്.