ബാഴ്‌സയിലെ പ്രശ്നങ്ങളെക്കുറിച്ചും പുറത്താക്കപ്പെടുമെന്ന വാർത്തകളോടും പ്രതികരിച്ച് സെറ്റിയൻ

FBL-ESP-BARCELONA-TRAINING
FBL-ESP-BARCELONA-TRAINING | LLUIS GENE/Getty Images

ബാഴ്‌സ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കപ്പെടുമെന്നും ടീമിലെ താരങ്ങളുമായി പ്രശ്നങ്ങൾ ഉണ്ടെന്നുമുള്ള വാർത്തകളോട് പ്രതികരിച്ച് പരിശീലകൻ സെറ്റിയൻ. ഇവ രണ്ടും അദ്ദേഹം നിഷേധിച്ചെങ്കിലും പ്രകടനം മോശമായതിനെ തുടർന്ന് ചെറിയ അസ്വാരസ്യങ്ങൾ ടീമിലുണ്ടെന്നതിന്റെ സൂചനയാണ് നൽകിയത്.

ഇത്തരം പ്രശ്നങ്ങൾ വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അതിനെക്കുറിച്ച് പരാമർശിക്കാൻ ഇഷ്ടപെടുന്നില്ലെന്നുമാണ് സെറ്റിയൻ പറഞ്ഞത്. വിവാദങ്ങൾ സംഭവിക്കുന്നതാണെന്നും ടീമിന്റെ വിജയവഴി നഷ്ടപ്പെട്ടാൽ എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും അതിനപ്പുറത്തേക്ക് അത് മാറുന്നത് നിയന്ത്രിക്കാൻ കഴിയുമെന്നും സെറ്റിയൻ കൂട്ടിച്ചേർത്തു.

ലീഗ് വിജയിക്കാനുള്ള സാധ്യതകൾ പരിമിതമായെന്നും അവസാന മത്സരം വരെ വളരെ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യതയാണെന്നും സെറ്റിയൻ വ്യക്തമാക്കി. റയൽ മാഡ്രിഡ് പുറകോട്ടു പോകുമെന്ന പ്രതീക്ഷയും സെറ്റിയൻ അത്ലറ്റികോക്കെതിരായ മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

അത്ലറ്റികോ, വിയ്യാറയൽ എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ ബാഴ്‌സ പരിശീലകന് അതിനിർണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ ബാഴ്‌സയ്ക്ക് മികച്ച റിസൾട്ട് ഉണ്ടാക്കാനായില്ലെങ്കിൽ പരിശീലക സ്ഥാനത്ത് നിന്നും അദ്ദേഹം പുറത്താക്കപ്പെടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.